International
പ്യോംഗ്യാംഗ്: യുക്രെയ്നിൽ റഷ്യക്ക് വേണ്ടി പോരാടുന്ന ഉത്തരകൊറിയൻ സൈനികർ യുദ്ധക്കളത്തിൽ വെച്ച് ശത്രുക്കളുടെ പിടിയിലാകാതിരിക്കാൻ സ്വയം ജീവനൊടുക്കണമെന്ന ഉത്തരവ് സ്ഥിരീകരിച്ച് ഭരണാധികാരി കിം ജോംഗ് ഉൻ. യുക്രെയ്നിൽ കൊല്ലപ്പെട്ട ഉത്തരകൊറിയൻ സൈനികരുടെ സ്മരണയ്ക്കായി പ്യോംഗ്യാംഗിൽ നിർമിച്ച സ്മാരകത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് കിം ഈ വിവാദ പരാമർശം നടത്തിയത്.
രാജ്യത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കാൻ യുദ്ധക്കളത്തിൽ വെച്ച് സ്വയം പൊട്ടിത്തെറിക്കാൻ മടിക്കാത്ത സൈനികരെ കിം ജോംഗ് ഉൻ തന്റെ പ്രസംഗത്തിൽ പ്രശംസിച്ചു. യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെയാണ് അവർ വീരമൃത്യു വരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024-ൽ റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിനുമായി കിം ഒപ്പിട്ട പ്രതിരോധ കരാറിനെത്തുടർന്ന് ഏകദേശം 10,000-ത്തോളം സൈനികരെയാണ് ഉത്തരകൊറിയ റഷ്യയെ സഹായിക്കാൻ അയച്ചത്.
ഇതിനോടകം ആയിരക്കണക്കിന് ഉത്തരകൊറിയൻ സൈനികർ യുക്രെയ്നിൽ കൊല്ലപ്പെട്ടതായാണ് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികളുടെ കണക്ക്. യുക്രെയ്ൻ സൈന്യത്തിന്റെ പിടിയിലായി യുദ്ധത്തടവുകാരാകുന്നതിനേക്കാൾ നല്ലത് ചാവേറുകളായി മരിക്കുന്നതാണെന്ന നയമാണ് ഉത്തരകൊറിയ പിന്തുടരുന്നത്. പിടിയിലായ ഒരു ഉത്തരകൊറിയൻ സൈനികനും യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗവും നേരത്തെ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.
International
പ്യോംഗ്യാംഗ്: ലോകത്തിലെ ഏറ്റവും കർക്കശമായ ഭരണസംവിധാനമുള്ള ഉത്തര കൊറിയയിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് വൻ വിജയം. ആകെയുള്ള വോട്ടർമാരിൽ 99.93 ശതമാനം പേരും ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ സ്ഥാനാർത്ഥികളെ പിന്തുണച്ചപ്പോൾ, വെറും 0.07 ശതമാനം പേർ മാത്രമാണ് സ്ഥാനാർത്ഥികൾക്കെതിരെ വോട്ട് ചെയ്തത്. ഉത്തര കൊറിയൻ ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്. പത്തൊൻപതാം തീയതി പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ 15-ാമത് സുപ്രീം പീപ്പിൾസ് അസംബ്ലിയിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
രാജ്യത്തെ വോട്ടർമാരിൽ 99.99 ശതമാനം പേരും പോളിംഗ് ബൂത്തിലെത്തി. വിദേശത്ത് ജോലിയെടുക്കുന്നവരും കടലിൽ ജോലി ചെയ്യുന്നവരും മാത്രമാണ് വോട്ട് ചെയ്യാതിരുന്നത്. മുൻപ് നടന്ന തെരഞ്ഞെടുപ്പുകളിൽ 100 ശതമാനം വോട്ടും അനുകൂലമായി രേഖപ്പെടുത്തുന്നതായിരുന്നു ഉത്തര കൊറിയയിലെ രീതി. എന്നാൽ ഇത്തവണ 0.07% പേർ 'എതിർത്ത്' വോട്ട് ചെയ്തു എന്ന് സമ്മതിച്ചത് ആഗോളതലത്തിൽ ചർച്ചയായിട്ടുണ്ട്.
ഓരോ മണ്ഡലത്തിലും സർക്കാർ നിശ്ചയിക്കുന്ന ഒരു സ്ഥാനാർത്ഥി മാത്രമാണ് മത്സരിക്കുക. വോട്ടർമാർക്ക് ആ സ്ഥാനാർത്ഥിയെ അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യാം. എന്നാൽ എതിർത്ത് വോട്ട് ചെയ്യുന്നത് രാജ്യദ്രോഹമായി കണക്കാക്കപ്പെടുന്ന ഇവിടെ, കണക്കുകളിൽ സുതാര്യത വരുത്താനാണ് ഈ ചെറിയ ശതമാനം എതിർപ്പ് രേഖപ്പെടുത്തിയതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ഈ തെരഞ്ഞെടുപ്പോടെ കിം ജോങ് ഉന്നിന്റെ ഭരണത്തിലുള്ള അപ്രാമാദിത്വം ഉറപ്പിക്കപ്പെടുകയും 687 സീറ്റുകളിലും ഭരണകക്ഷി സഖ്യം വിജയിക്കുകയും ചെയ്തു.
International
പ്യോംഗ്യാംഗ്: വെനസ്വേലയിലെ യുഎസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് ഉത്തരകൊറിയ. ഏകദേശം 900 കിലോമീറ്റർ ദൂരം സഞ്ചരിച്ച മിസൈലുകൾ കൊറിയൻ ഉപദ്വീപിനും ജപ്പാനും ഇടയിലുള്ള സമുദ്രഭാഗത്ത് പതിച്ചു.
രണ്ട് മിസൈലുകളാണ് ഉത്തരകൊറിയ വിക്ഷേപിച്ചതെന്ന് ജപ്പാൻ സ്ഥിരീകരിച്ചു. തങ്ങളുടെ സഖ്യകക്ഷിയായ വെനസ്വേലയുടെ പ്രസിഡന്റിനെതിരെ യുഎസ് നീക്കം കിം ജോംഗ് ഉൻ ഭരണകൂടത്തെ അസ്വസ്ഥരാക്കിയെന്ന് റിപ്പോർട്ടുകളുണ്ട്.
തങ്ങൾക്കെതിരെ അമേരിക്ക തിരിഞ്ഞാൽ ആണവായുധങ്ങൾ ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന സന്ദേശമാണ് ഉത്തരകൊറിയ നൽകിയതെന്നും സൂചനയുണ്ട്. നേരത്തേ അമേരിക്ക വെനസ്വേലയിൽ നടത്തിയ ആക്രമണത്തെ ഉത്തരകൊറിയ ശക്തമായി അപലപിച്ചിരുന്നു.